September
Tuesday
16
2025
വനിതാമതിൽ സ‌്ത്രീസമത്വം എന്ന ആശയം ഉയർത്തിപ്പിടിച്ചു:- ഡോ. മീനാക്ഷി ഗോപിനാഥ‌്
ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീസമത്വം എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതിന് കേരളത്തിൽ സംഘടിപ്പിച്ച വനിതാമതിൽ ഏറെ പ്രാധാന്യമുള്ളതാണെന്ന് വിമെൻ ഇൻ സെക്യൂരിറ്റി, കോൺഫ്‌ളിക്റ്റ് മാനേജ്‌മെന്റ് ആൻഡ് പീസ് സ്ഥാപകയും ഡയറക്ടറുമായ ഡോ. മീനാക്ഷി ഗോപിനാഥ് പറഞ്ഞു. തിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ ഫോർ യൂണിവേഴ്‌സൽ റെസ്‌പോൺസിബിലിറ്റിയുടെ സംരംഭമായ വിസ്‌കോംപിന്റെ സഹകരണത്തോടെ സെന്റ് തെരേസാസ് കോളേജിൽ ലിംഗസമത്വത്തെക്കുറിച്ച‌് സംഘടിപ്പിക്കുന്ന നാലുദിവസത്തെ ശിൽപ്പശാല ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ. ഉന്നതവിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്താൻ ആശയവിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത‌് അനിവാര്യമാണെന്നും അവർ പറഞ്ഞു. സ്ത്രീകൾ ഇരയെന്ന പദവിയിൽനിന്ന‌് പുറത്തുവരണം. സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ പാർശ്വവൽകൃതരുടെ വ്യക്തിത്വങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികളിലും സ്ത്രീകൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ചില പഴഞ്ചൻ ധാരണകൾ മാറ്റാൻ ജെൻഡർ ഓഡിറ്റ് അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജെൻഡർ ഓഡിറ്റിന് തയ്യാറാകണമെന്നും ഡോ. മീനാക്ഷി ഗോപിനാഥ് ആവശ്യപ്പെട്ടു. സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ വിനിത, പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, അസോസിയറ്റ് പ്രൊഫസർ ഡോ. ലതാ നായർ എന്നിവരും സംസാരിച്ചു. തുടർന്ന് നടന്ന സെഷനുകളിൽ ഇന്ത്യയിലെ വനിതകളും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ന്യൂഡൽഹി അംബേദ്കർ സർവകലാശാല സ്‌കൂൾ ഓഫ് ഹ്യൂമൻ സയൻസസ് ഡീൻ ഡോ. കൃഷ്ണാ മേനോനും ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘടനാമാറ്റങ്ങളെ നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ഉപയോഗപ്രദമായ ഉപകരണമെന്ന നിലയിൽ ജെൻഡർ ഓഡിറ്റ് എന്ന വിഷയത്തിൽ കൊളംബിയ സർവകലാശാലയിലെയും ഡ്രെക്‌സൽ സർവകലാശാലയിലെയും പ്രൊഫസറായ ഡോ. ക്രിസ്റ്റി കെല്ലിയും പ്രഭാഷണം നടത്തി. ഞായറാഴ്ച പകൽ 2.15-ന് പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ വൃന്ദ ഗ്രോവർ പ്രഭാഷണം നടത്തും. ന്യൂഡൽഹിയിലെ യുഎസ് എംബസിയിലെ പബ്ലിക് അഫേഴ്‌സ് സെക‌്ഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഹംസ: ക്യാമ്പസ് ഇക്വിറ്റി ഇനീഷ്യേറ്റിവ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
side top
Support Silex Digital Technologies | Copyright © 2015 IdLiveHub. · Privacy · Terms

Back to top